ഒരു എന്‍ജിനിയര്‍ പറയുന്ന കഥകള്‍

Interview originally published in Metro Vartha on July 1, 2013.

അമ്മ പറഞ്ഞു തന്ന കഥകളിലൂടെ സ്വപ്നങ്ങള്‍ കണ്ടിരുന്ന കാലം. ആ സ്വപ്നങ്ങളില്‍ പക്ഷേ സാഹിത്യത്തിന്‍റെ ചായം കലരുന്നതാകട്ടെ കൗമാരത്തിലും. പാഠപുസ്തകങ്ങളില്‍ മാത്രമായിരുന്നു അന്നാളുകളിലെ ജീവിതം. ഇടയ്ക്കെപ്പോഴോ വായനയുടെ ലോകത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. ആ യാത്രകള്‍ക്കൊടുവില്‍ എഴുത്തുകാരന്‍ എന്ന പേരു കൂടി ഒപ്പം കൂട്ടിയിരിക്കുന്നു ഈ ചെറുപ്പക്കാരന്‍. ആഗ്രഹം അത്രമേല്‍ ശക്തമാണെങ്കില്‍ സ്വപ്നങ്ങളൊക്കെ കൈക്കുമ്പിളിലേക്ക് എത്തിക്കാമെന്നു തെളിയിച്ചിരിക്കുന്നു തൃശൂര്‍ ഇരിങ്ങാലക്കുടക്കാരന്‍ കെ ഹരികുമാര്‍.

ഇന്ത്യയിലെ പ്രേതാലയങ്ങൽ (India’s Most Haunted Malayalam Translation) now available on Mathrubhumi Books.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആഗ്രഹിച്ച പാതകളിലൂടെയാണു ഹരികുമാറിന്‍റെ ഇന്നത്തെ യാത്രകള്‍. എഴുത്തുകാരന്‍, ഹ്രസ്വചിത്ര സംവിധായകന്‍, ഫോട്ടൊഗ്രാഫര്‍, നടന്‍… ഈ വഴികളിലൂടെയാണു ഈ ചെറുപ്പക്കാരന്‍റെ സഞ്ചാരങ്ങള്‍. എഴുത്തും വായനയും നിറഞ്ഞ ഹരികുമാറിന്‍റെ ജീവിതത്തില്‍ സിനിമ എന്ന സ്വപ്നലോകം കൂടിയുണ്ട്. സ്വന്തമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം. ആ ലോകത്തിലേക്കുള്ള യാത്രയിലാണ്. തിരക്കഥയെഴുത്തിലാണു ഈ എന്‍ജിനിയര്‍. 

എഴുത്തു മാത്രമല്ല ക്യാമറയും അഭിനയവുമൊക്കെ കൂടെയുണ്ട് ഈ ബിടെക്കുക്കാരന്‍റെ ജീവിതത്തില്‍. ഒരു ഇംഗ്ലീഷ് നോവല്‍, ആറു ഹ്രസ്വചിത്രങ്ങളുടെ സംവിധായകന്‍, ഫോട്ടൊഗ്രാഫര്‍ എന്നിങ്ങനെ ഒരുപാടു വിശേഷണങ്ങളുണ്ട് ഇരിങ്ങാലക്കുട സ്വദേശികളായ കൃഷ്ണമൂര്‍ത്തിയുടെയും മഹാലക്ഷ്മിയുടെയും മകന്‍ കെ. ഹരികുമാറിന്. 

ഹരികുമാറിനു കഥയും കവിതയും എന്നും ഇഷ്ടമായിരുന്നു. പക്ഷേ എഴുത്തുകാരനിലേക്കുള്ള പാതയില്‍ അച്ഛന്‍റെ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. മകനെ എന്‍ജിനിയറാക്കണമെന്ന അച്ഛന്‍റെ മോഹത്തെ ഹരികുമാറിനു എതിര്‍ക്കാനാകില്ലായിരുന്നു. അത്രയേറെ കഷ്ടപ്പാടുകളിലൂടെ മകനെ വളര്‍ത്തിയ അച്ഛനെ ധിക്കരിക്കാന്‍ ഈ ചെറുപ്പക്കാരനായില്ല. അങ്ങനെയാണു പന്ത്രാണ്ടാം ക്ലാസിനു ശേഷം എന്‍ജിനിയറിംഗ് പഠിക്കാന്‍ പോകുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിടെക് ബിരുദവുമായി കലാലയത്തിന്‍റെ പടികള്‍ പിന്നിടുമ്പോഴേക്കും ഹരികുമാറിലെ എഴുത്തുകാരന്‍ പുനര്‍ജനിച്ചിരുന്നു. കംപ്യൂട്ടറുകളല്ല അക്ഷരങ്ങളാണു തന്‍റെ ജീവിതമെന്നു ഈ യുവ നോവലിസ്റ്റ് തിരിച്ചറിഞ്ഞിരുന്നു. ഒപ്പം അച്ഛനും.

ഇരിങ്ങാലക്കുടക്കാരന്‍ കെ ഹരികുമാര്‍

അപരിചിതര്‍ കണ്ടു മുട്ടിയപ്പോള്‍.. ഒരേ പാതയിലൂടെ വ്യത്യസ്ത ഇടങ്ങളിലൂടെ ജീവിതത്തിലേക്ക് ഒരുമിച്ചു നടന്നവര്‍. വെന്‍ സ്ട്രേയ്ഞ്ചേര്‍സ് മീറ്റ് എന്ന പുസ്തകത്തിന്‍റെ താളില്‍ കെ.ഹരികുമാര്‍ എന്നെഴുതി ചേര്‍ത്തത്തിനു പിന്നിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഒന്നും മറക്കാനാകില്ല. ഒപ്പം ആദ്യ നോവലിനു കിട്ടിയ അംഗീകാരങ്ങളും. പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള അകലം ഹൃദയസ്പര്‍ശിയായി എഴുത്തിലൂടെ കൊണ്ടുവന്നിരിക്കുന്നു ഈ ചെറുപ്പക്കാരന്‍. മൂന്നു മുഖ്യ കഥാപാത്രങ്ങളില്‍ അച്ഛനും ഞാനുമുണ്ട്. എഴുത്തിന്‍റെ ലോകത്തെ അച്ഛന്‍ എതിര്‍ത്ത കാലങ്ങളും അന്നു തോന്നിയ ചെറിയ ദേഷ്യങ്ങളും ഈ പുസ്തകത്തില്‍ കാണാനാകുമെന്നു പറയുന്നു ഹരികുമാര്‍. രണ്ടു തലമുറകളുടെ വ്യത്യസ്ത അഭിരുചികളെയൊക്കെ ഒരുമിപ്പിച്ചിട്ടുണ്ടു നോവലില്‍. 

എന്‍ജിനിയറിംഗ് ക്ലാസുകളുടെ അവസാനകാലത്താണു ഹരികുമാര്‍ നോവലെഴുത്തിലേക്ക് തിരിയുന്നത്. അതിനു മുന്‍പേ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. ഹരിയാനയിലും ഡല്‍ഹിയിലുമായിരുന്നു പഠന കാലം. അച്ഛനുമമ്മയ്ക്കും ജോലി അവിടെയായിരുന്നു. അതുകൊണ്ടാകാം ഹരികുമാറിന്‍റെ ചിത്രങ്ങള്‍ സംസാരിക്കുന്നതു കൂടുതലും ഹിന്ദിയില്‍. 

ഇരിങ്ങാലക്കുടക്കാരന്‍ കെ ഹരികുമാര്‍

ബിടെക്കിനു പഠിക്കുന്ന കാലം. ഡല്‍ഹി മെട്രൊ റെയ്ല്‍ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന ഒരാളാണു മൈ നെയിം ഈസ് അയ്യര്‍ എന്ന ഹ്രസ്വ ചിത്രത്തിലേക്ക് എത്തിക്കുന്നത്. ഡിജി ക്യാമറയില്‍ എടുത്ത ചിത്രം ഹിന്ദിയിലാണ്. ഇതിന്‍റെ കഥയും തിരക്കഥയും സംവിധാനവും എഡിറ്റിങ്ങുമൊക്കെ സ്വയം ചെയ്തു. ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സസ്പെന്‍സ് ത്രില്ലറായിരുന്നു ഈ ചിത്രം. ഇതിന്‍റെ ത്രെഡ് തന്നെയാണു നോവലെഴുത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. കുറച്ചു കൂടി വിശാലമായ കാഴ്ചപ്പാടില്‍ ഹ്രസ്വചിത്രത്തിലെ ദൃശ്യങ്ങളെ എഴുത്തിലേക്ക് കൊണ്ടു വരികയായിരുന്നു.

ഏതാണ്ട് ആറു മാസം കൊണ്ടു നോവല്‍ പൂര്‍ത്തിയാക്കി. ഹരികുമാറിന്‍റെ എഴുത്തിനു പശ്ചാത്തലമാകുന്നതാകട്ടെ സംഗീതവും. പാട്ടു കേട്ടു കൊണ്ടാണു എന്നും എഴുതുന്നത്. നോവല്‍ വേഗത്തില്‍ എഴുതി തീര്‍ത്തുവെങ്കിലും പ്രസാധകരെയും മാര്‍ക്കറ്റിങ്ങിനും അല്‍പം ബുദ്ധിമുട്ടേണ്ടി വന്നുവെന്നു പറയുന്നു നോവലിസ്റ്റ്. സൃഷ്ടി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. പുസ്തകം പബ്ലിഷ് ചെയ്തു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പുസ്തകത്തിന്‍റെ രണ്ടാമത്തെ എഡിഷന്‍ ആരംഭിച്ചു. നിരൂപണങ്ങളും അഭിനന്ദനങ്ങളുമായി പുസ്തകം വായനക്കാര്‍ സ്വീകരിച്ചതിന്‍റെ സന്തോഷത്തിലാണു ഹരികുമാര്‍. 

ഡാവിഞ്ചി കോഡ് സിനിമയാണു എഴുത്തുകാരനും സിനിമാപ്രേമിയുമാക്കി തീര്‍ക്കുന്നത്. സിനിമ മാത്രമല്ല ഡാവിഞ്ചി കോഡ് വായിക്കുകയും ചെയ്തു. എഴുതാനുള്ള പ്രേരണയായിരുന്നു ആ പുസ്തകം. ഇന്നും പ്രിയ എഴുത്തുകാരുടെ കൂട്ടത്തില്‍ ആദ്യ സ്ഥാനം ഡാന്‍ ബ്രൗണിനു തന്നെ. 

ഹരിയാനയിലെ കോളെജു പഠനകാലത്താണു ദി മാന്‍ ഹൂ ലവ്ഡ് മീ എന്ന ഷോര്‍ട്ട് ഫിലിമെടുക്കുന്നത്. ഇതു വരെ ആറു ഷോര്‍ട്ട്ഫിലിമുകള്‍ എടുത്തിട്ടുണ്ട്. ഇതില്‍ മൂന്നു ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഒട്ടുമിക്ക ചിത്രങ്ങള്‍ക്കും കഥയും തിരക്കഥയും ഒരുക്കിയതും ഇരിങ്ങാലക്കുടക്കാരന്‍ കെ ഹരികുമാര്‍ തന്നെ. 

ഫോട്ടൊഗ്രാഫിയോടും കമ്പമുണ്ട് ഈ ചെറുപ്പക്കാരന്. എടുത്ത ചിത്രങ്ങളില്‍ രണ്ടു ചിത്രങ്ങള്‍ ഇന്‍റര്‍നാഷണല്‍ അവാര്‍ഡിനു നോമിനേറ്റ് ചെയ്തിരുന്നുവെന്നു ഹരികുമാര്‍. ബോളിവുഡില്‍ സിനിമയെടുക്കണമെന്നാണു ഹരികുമാറിന്‍റെ സ്വപ്നവും ലക്ഷ്യവും. ഫ്രീലാന്‍സായി പരസ്യങ്ങള്‍ സംവിധാനം ചെയ്യുന്നുണ്ട്. കൂട്ടത്തില്‍ വായനയും എഴുത്തും ഫോട്ടൊഗ്രാഫിയും. ഹരികുമാര്‍ തന്‍റെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രകളിലാണ്. എഴുത്തിന്‍റെ ലോകത്തു സജീവമാകാനുള്ള ശ്രമങ്ങളിലാണ്. 

Read more about Indiayile Prethalayangal (ഇന്ത്യയിലെ പ്രേതാലയങ്ങൽ) on Mathrubhumi website.


Comments

Leave a Reply

Your email address will not be published. Required fields are marked *